മുണ്ടക്കയം: കിടപ്പ് രോഗികളുടെയും ആശരണരുടെയും പരിപാലനത്തിനും സംരക്ഷണത്തിനുമായി മുണ്ടക്കയം വ്യാകുലമാതാ ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രത്യാശ വ്യാകുലമാതാ പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാകുലമാതാ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും. ഇടവക വികാരിയും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഫാ. ഡോ. ജെയിംസ് മുത്തനാട്ട് അധ്യക്ഷത വഹിക്കും. സിറിയക് തോമസ് എംഎൽഎ, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, ജില്ല പഞ്ചായത്തംഗങ്ങളായ പി. ജീരാജ്, മിനി സാബു, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണൻ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, വാർഡ് മെംബർ സ്റ്റാൻലി സണ്ണി, പാലിയേറ്റീവ് കെയർ ട്രസ്റ്റ് സെക്രട്ടറി റോയി മാത്യു കപ്പിലുമാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
വാർധക്യത്താലും രോഗത്താലും അപകടങ്ങളിലും കിടപ്പു രോഗികളായ നാനാജാതി മതസ്ഥരായ ആളുകളുടെ പരിപാലനവും സംരക്ഷണവുമാണ് ട്രസ്റ്റിന്റെ ഉദ്ദേശം. ഇടവകയുടെ പരിധിയിൽ വരുന്ന ഇത്തരം ആളുകളുടെ വീടുകൾ സന്ദർശിക്കുകയും ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയുമാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ഇടവകയിൽ പ്രവർത്തനം ആരംഭിക്കുന്ന പാലിയേറ്റീവ് കെയറിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നു വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇവരുടെ സഹകരണത്തോടെ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്നും വികാരി ഫാ.ഡോ. ജയിംസ് മുത്തനാട്ട് പറഞ്ഞു.
പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി വ്യാകുലമാതാ പള്ളിയോട് ചേർന്ന് പ്രത്യേക ഓഫീസ് മുറിയും ക്രമീകരിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയറിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു.